Latest News
You are here
വളാഞ്ചേരി: നാറാണത്ത് ഭ്രാന്ത്രന്റെ സ്മരണകളുമായി നടുവട്ടം രായിരനെല്ലൂര്‍ മലകയറ്റം നാളെ. KERALA 

വളാഞ്ചേരി: നാറാണത്ത് ഭ്രാന്ത്രന്റെ സ്മരണകളുമായി നടുവട്ടം രായിരനെല്ലൂര്‍ മലകയറ്റം നാളെ.

എല്ലാവര്‍ഷം മലയാള മാസം തുലാം ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂര്‍ മലകയറ്റം നടക്കുക.
വളാഞ്ചേരി കൊപ്പം റോഡിൽ വിയറ്റ്‌നാംപടിക്ക് സമീപമുള്ള ഒന്നാന്തിപ്പടിയില്‍ ഇറങ്ങി ചെങ്കുത്തായ വഴിയിലൂടെ കയറി പടിഞ്ഞാറുഭാഗത്ത് പടവുകളുള്ള വഴിയിലൂടെ ഇറങ്ങിയാല്‍ കര്‍മ്മംമൂലമുണ്ടാകുന്ന ദോഷങ്ങളെല്ലാം മാറുമെന്നാണ് വിശ്വാസം. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി എല്ലാവര്‍ഷവും ആയിരങ്ങളാണ് ജാതി, മത, സമുദായ ഭേദമന്യേ മല കയറാനെത്തുന്നത്.
താഴേയുള്ള നാറാണത്ത് മനയില്‍ സംസ്‌കൃത പഠനത്തിനായെത്തിയ ഭ്രാന്തന്‍ രായിരനെല്ലൂര്‍ മലയിലേക്ക് കല്ലുരിട്ടി കയറ്റി താഴെക്കിട്ട് ആര്‍ത്തട്ടഹസിക്കുന്നത് പതിവായിരുന്നുവെത്രേ. ഇത്തരത്തില്‍ ചെയ്തുകൊണ്ടിരിക്കേ ദുര്‍ഗാദേവി അവിടെ വരികയും ഭ്രാന്തന്റെ രൂപം കണ്ട് പേടിച്ച് ഭൂമിയില്‍ താഴ്ന്നുപോയെന്നും അവിടെ രൂപംകൊണ്ട കാല്‍പാദങ്ങളെ വന്ദിച്ച് നാറാണത്ത് ഭ്രാന്തനാണ് ക്ഷേത്രമുകളിലെ പ്രതിഷ്ഠ നടത്തിയതെന്നാണ് ഐതിഹ്യം.
കാലം കടന്നുപോയപ്പോള്‍ ഭ്രാന്തന്‍ പ്രതിഷ്ഠ നടത്തിയതെന്നു കരുതുന്ന പാദങ്ങളെ ഉള്‍ക്കൊണ്ട് ക്ഷേത്രം പണിയുകയും ചെയ്തു. എല്ലാദിവസവും രാവിലെ 6 മുതല്‍ 8 വരെ പൂജകളും നടത്താറുണ്ട്. പപ്പടപ്പടിക്ക് സമീപമുള്ള രായിരനെല്ലൂര്‍ മലയുടെ താഴെയുള്ള നാറാണത്ത് മനയുടെ ഉടമസ്ഥതയിലാണ് മലയും അനുബന്ധ ക്ഷേത്രവുമുള്ളത്. മലമുകളില്‍ വിയറ്റ്‌നാംപടി സ്വദേശി സുരേന്ദ്രകൃഷ്ണന്‍ നിര്‍മ്മിച്ച നാറാണത്ത് ഭ്രാന്തന്റെ പ്രതിമയുമുണ്ട്. നടുവട്ടത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന കൈപ്പുറം നാറാണത്ത് ഭ്രാന്താചല ക്ഷേത്രത്തിലും ഭ്രാന്തന്‍ അധിവസിച്ചതെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. അതേസമയം രായിരനെല്ലൂര്‍ മലയുടെ സമീപ പ്രദേശത്ത് കുന്നിടിക്കാനുള്ള ശ്രമം അടുത്തിടെ നടന്നെങ്കിലും ജാതി, മത, രാഷ്ടീയ, കക്ഷി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി അതിനെ ചെറുത്തുതോല്‍പ്പിക്കുകയായിരുന്നു. ചരിത്ര പ്രാധാന്യമുള്ള രായിരനെല്ലൂര്‍ മലയും പ്രദേശങ്ങളും സംരക്ഷിക്കാനും ക്ഷേത്രത്തിന് ലഭിക്കുന്ന വരുമാനം രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താനും പുരാവസ്തു വകുപ്പ് സ്ഥലം ഏറ്റെടുക്കേണ്ടത് അനിവാര്യമാണ്.
രായിരനെല്ലൂര്‍ മല കയറ്റ ദിവസം രാവിലെ ലക്ഷാര്‍ച്ച സമാപിക്കും. തുടര്‍ന്ന് മലമുകളിലെ ദേവി ക്ഷേത്രത്തില്‍ രാവിലെ 5 നാണ് നട തുറക്കുക. പ്രത്യേക പൂജകളും നടക്കും. മലയുടെ അടിവാരത്ത് വൈകീട്ട് അങ്ങാടി വാണിഭവും സജീവമാണ്. മല കയറ്റത്തിന്റെ സുഗമമായ നടത്തിപ്പിനായി പോലിസും രംഗത്തുണ്ടാകാറുണ്ട്. അതേസമയം ഒന്നാന്തിപ്പടിയിലുള്ള കുത്തനെയുള്ള വഴി മല കയറാന്‍ മാത്രം ഉപയോഗിക്കണമെന്നും ഇറങ്ങാന്‍ പടിഞ്ഞാറ് വശത്തുള്ള വഴി ഉപയോഗിക്കണമെന്നും ക്ഷേത്ര ഭാരവാഹികളും പോലിസും അറിയിച്ചു. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ മലകയറ്റത്തിന് ഒന്നാന്തിപ്പടിയില്‍ ആളെ ഇറക്കി വിയറ്റ്‌നാംപടിയിലോ നടുവട്ടം ഭാഗങ്ങളിലോ ആളോഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്യണമെന്ന് പോലിസ് നിര്‍ദ്ദേശമുണ്ട്.

Related posts

Leave a Comment