Latest News
You are here
ഇന്ത്യക്കായി സ്വർണം നേടി വിവേക് മാസ്റ്റർ അഭിമാനമായി Breaking News MALAPPURAM 

ഇന്ത്യക്കായി സ്വർണം നേടി വിവേക് മാസ്റ്റർ അഭിമാനമായി

സ്വന്തം ലേഖകൻ
തിരൂർ: മലേഷ്യയിൽ നടന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കായി സ്വർണ്ണം നേടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തിരൂർ കാഞ്ഞിരക്കോൽ എ.എം.യു.പി. സ്കൂൾ അധ്യാപകനും മാഹി സ്വദേശിയുമായ എരോത്ത് വിവേക്. അഞ്ച് കിലോമീറ്റർ നടത്ത മത്സരത്തിലാണ് മികച്ച പ്രകടനത്തോടെ വിവേക് മാസ്റ്റർ സ്വർണം നേടിയത്. ഇക്കഴിഞ്ഞ ജൂലൈ 22 ന് മലേഷ്യയിലെ കുച്ചിങ്ങിലെ സരവാക് സ്റ്റേഡിയത്തിലായിരുന്നു മത്സരം. ശക്തരായ എതിരാളികളെ ബഹുദൂരം പിറകിലാക്കിയാണ് ഈ അധ്യാപകൻ രാജ്യത്തിനായി മെഡൽ നേടിയത്. 26 മിനിറ്റ് 30 സെക്കന്റ് എന്ന മികച്ച സമയം കുറിച്ചുകൊണ്ടാണ് ഇദ്ദേഹം അഞ്ച് കിലോമീറ്റർ നടത്തം പൂർത്തിയാക്കിയത്. ഇതിനുമുമ്പും പല നേട്ടങ്ങളും കരസ്ഥമാക്കിയ വിവേക് മാസ്റ്റർ ദേവഗിരി കോളേജിലെ ഡോ. ആന്റണിയുടെ കീഴിലാണ് പരിശീലനം നടത്തുന്നത്.

2013 ൽ കോയമ്പത്തൂരിൽ വച്ച് നടന്ന നാഷനൽ മാസ്റ്റേർസ് അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ 5000 മീറ്റർ ഓട്ടമത്സരത്തിൽ സ്വർണ്ണം നേടി. മുംബൈ, പൂന, കൊച്ചി, താന എന്നിവിടങ്ങളിൽ നടന്ന മാരത്തോൺ ഓട്ടമത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകൾ നേടിയിരുന്നു. 2017 ഒക്ടോബറിൽ ചൈനയിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്ന വിവേക് മാസ്റ്റർ സ്കൂൾ തലത്തിൽ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു. മികച്ച പരിശീലനത്തിൽ നിരവധി കായിക പ്രതിഭകളെ വാർത്തെടുക്കാൻ ഇതിനോടകം ഈ അധ്യാപകന് സാധിച്ചിട്ടുണ്ട്. മികച്ച പരിശീലനവും ആത്മാർത്ഥമായ പ്രോത്സാഹനവുമുണ്ടെങ്കിൽ ഈ മേഖലയിൽ തിളക്കമാർന്ന നേട്ടങ്ങൾ ഇന്ത്യക്ക് സ്വന്തമാക്കാൻ കഴിയുമെന്ന് വിവേക് മാസ്റ്റർ പറയുന്നു.

സ്വർണമെഡൽ നേടി നാടിന്റെ അഭിമാനമായി മാറിയ വിവേക് മാസ്റ്റർക്ക് വിദ്യാർഥികളും സഹപ്രവർത്തകരും നാട്ടുകാരും ചേർന്ന് സ്വീകരണം നൽകി. വലിയപറമ്പ് അങ്ങാടിയിൽ നിന്ന് ഹാരമണിയിച്ച് ജേതാവിനെ സ്കൂളിലേക്ക് സ്വീകരിച്ചാനയിച്ചു. അനുമോദന ചടങ്ങ് പ്രധാനാധ്യാപകൻ ഹനീഫ ഉദ്ഘാടനം ചെയ്തു.

Related posts

Leave a Comment